2013 ഏപ്രിൽ 7, ഞായറാഴ്‌ച

SECONDHAND LIONS


SECONDHAND LIONS(2003)
An American comedy-drama by Tim McCanlies
------------------------------------------------------

കൗമാരപ്രായക്കാരനായ വാള്‍ട്ടര്‍ കാള്‍ഡ്വെല്‍ തന്‍റെ രണ്ടു വലിയമ്മാവന്‍മാരോടൊപ്പം ടെക്സാസിലെ ഗ്രാമീണവസതിയില്‍ വേനല്‍ക്കാലം ചിലവഴിക്കാന്‍ നിര്‍ബന്ധിതനാകുന്നു. നാല്‍പ്പതുവര്‍ഷത്തോളം മാതൃരാജ്യം വിട്ടുനിന്ന ഈ സഹോദരന്മാര്‍ ധനികന്മാരായി മടങ്ങി വന്നതിനെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ പ്രചരിക്കുന്നു. വാള്‍ട്ടറെ അമ്മാവന്മാരുടെ അടുത്താക്കി പോകുന്ന അമ്മയുടെ ലക്ഷ്യവും അവരുടെ പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നു തഞ്ചത്തില്‍ മനസിലാക്കുകയാണ്.

തുടക്കത്തില്‍ അസഹനീയമായി തോന്നിയെങ്കിലും ക്രമേണ വാള്‍ട്ടര്‍ വലിയമ്മാവന്മാരുടെ പ്രത്യേകസ്വഭാവങ്ങളും ജീവിതവുമായി പൊരുത്തപ്പെടുന്നു. അവരുടെ ആഫ്രിക്കന്‍ ജീവിതകഥകള്‍ അവന്‍റെ മനസ്സില്‍ ഒരു വിസ്മയലോകം തീര്‍ക്കുന്നു. ഇതിനിടയില്‍ സര്‍ക്കസ് മൃഗങ്ങളെ വില്‍ക്കുന്ന ഒരാള്‍ വഴി അവശയായ ഒരു പെണ്‍സിംഹവും ഇവരുടെ ഇടയിലേക്ക് എത്തുന്നു. വാള്‍ട്ടര്‍ നല്‍കുന്ന സ്നേഹപൂര്‍ണ്ണമായ പരിചരണത്തിലൂടെ അവള്‍ ആരോഗ്യം വീണ്ടെടുക്കുന്നു.

വാള്‍ട്ടറുടെ അമ്മയും ബോയ്ഫ്രെണ്ട് സ്റ്റാനും കൂടി ഒരു ദിവസം രാത്രി ടെക്സാസില്‍ മടങ്ങിയെത്തുന്നു. അമ്മാവന്മാരുടെ പണം കാട്ടികൊടുക്കാന്‍ വിസമ്മതിക്കുന്ന വാള്‍ട്ടറെ സ്റ്റാന്‍ മര്‍ദ്ദിക്കുന്നു. ഇതു കണ്ടു ക്രുദ്ധയായ ജാസ്മിന്‍(( ((((പെണ്‍സിംഹം )സ്റ്റാനിനെ ആക്രമിക്കുന്നു. സ്റ്റാനിനെ മാരകമായി പരുക്കേല്‍പ്പിക്കുന്നെങ്കിലും ഈ ആക്രമണത്തിന്റെ ആഖാതത്തില്‍ ജാസ്മിന് ഹൃദയാഘാതം ഉണ്ടാവുന്നു.

വാള്‍ട്ടറെ കൂട്ടിക്കൊണ്ടു പോകാന്‍ ഒരുങ്ങുന്ന അമ്മയോട് സ്റ്റാനിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതാവും കുട്ടിയുടെ ഭാവിക്ക് നല്ലത് എന്ന് അമ്മാവന്മാര്‍ ഉപദേശിക്കുന്നു. പക്ഷെ യാത്രയ്ക്കിടയില്‍ അമ്മയ്ക്ക് സ്റ്റാനിന്റെ ഒപ്പം ജീവിക്കാനാണ് ഇഷ്ടം എന്ന് മനസിലാക്കുന്ന വാള്‍ട്ടര്‍ വലിയമ്മാവന്മാരുടെ അടുത്തേയ്ക്ക് മടങ്ങുന്നു.

കാര്‍ട്ടൂണിസ്റ്റ് ആയ വാള്‍ട്ടറെ തേടിയെത്തുന്ന ഒരു ഫോണ്‍വിളിയില്‍ തുടങ്ങുന്ന സിനിമ ഫ്ലാഷ്ബാക്ക് രീതിയിലാണ്. കോമെഡി ഡ്രാമയാണെങ്കിലും അനാഥത്വത്തിന്‍റെ നൊമ്പരങ്ങള്‍ ഈ ചിത്രത്തില്‍ ദര്‍ശിക്കാന്‍ കഴിയും. വാര്‍ധ്യക്യത്തെ secondhand ആയി കാണുന്ന യൗവ്വനത്തിന്‍റെ പ്രതിനിധികളെയും ചിത്രത്തില്‍ കാണാം. മനുഷ്യനായാലും മൃഗമായാലും സ്നേഹവും പരിചരണവുമാണ് ജീവിക്കാനുള്ള പ്രേരണ.

-ശ്രീ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ