2013 ഏപ്രിൽ 7, ഞായറാഴ്‌ച

ARIRANG


ARIRANG BY KIM-KI-DUK
-----------------------------

ഈ ഡോക്യുമെന്‍റെറി ഫിലിം ഒരു അവസരത്തില്‍ ലോകപ്രശസ്തകൊറിയന്‍ സംവിധായകന്‍ കിം-കി-ഡുക് അനുഭവിച്ച മാനസികവ്യഥയുടെ ആത്മാവിഷ്ക്കാരമാണ്. 2008-ല്‍ ഡ്രീം എന്ന സിനിമ ചിത്രീകരിക്കുന്ന വേളയില്‍ അതിലെ പ്രധാനനടിയുടെ മരണത്തോളം അടുത്ത അപകടവും വളരെയധികം സ്നേഹിക്കുകയും സ്വന്തമെന്നു കരുതുകയും ചെയ്ത സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ ഒറ്റപ്പെടുത്തലും കാരണം കടുത്ത
 മാനസികവ്യഥയിലകപ്പെട്ട കിം 3 വര്‍ഷത്തോളം സമൂഹത്തിന്‍റെ പൊതുധാരയില്‍ നിന്ന് അകന്ന് ഏകാന്തജീവിതം നയിക്കുന്നു. കാലപ്പഴക്കം ചെന്ന, അടിസ്ഥാനസൌകര്യങ്ങള്‍ പോലും ഇല്ലാത്ത കെട്ടിടത്തിലെ താമസത്തിനിടയില്‍ അദ്ദേഹത്തിനുണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളുടെ ചിത്രീകരണമാണ് ആരിരംഗ് എന്ന ഈ സിനിമ. കലയോടുള്ള ആഭിമുഖ്യവും ജീവിതത്തിലെ തിരിച്ചടികള്‍ സമ്മാനിച്ച വിരക്തിയും തമ്മിലുള്ള സംഘര്‍ഷത്തിനിടയിലെ ആത്മസംവാദങ്ങളില്‍ നിന്നും കിമ്മിന്‍റെ സിനിമാജീവിതത്തിന്‍റെ ഒരു ഏകദേശചിത്രവും ലഭിക്കുന്നു. ‘ആരിരംഗ്’ എന്നത് ഒരു കൊറിയന്‍ നാടോടി ഗാനമാണ്.


ഈ സിനിമയില്‍ നിന്നും അറിയാന്‍ കഴിഞ്ഞ ഒരു പ്രത്യേകകാര്യം കഴിഞ്ഞ ദിവസം ഞാന്‍ പോസ്റ്റ്‌ ചെയ്തിരുന്ന ‘ADDRESS UNKNOWN’ എന്ന സിനിമയിലെ ചാങ്ങ്-ഗു എന്നാ കഥാപാത്രം ചെറുപ്പത്തില്‍ കിമ്മിന്‍റെ ഏകസുഹൃത്ത് തന്നെയാണ് എന്നുള്ളതാണ്. കിമ്മിന്‍റെ സിനിമകളില്‍ ഇത്തരത്തിലുള്ള ആത്മാംശം ധാരാളം ദര്‍ശിക്കാം.


-ശ്രീ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ