2013 ഡിസംബർ 25, ബുധനാഴ്‌ച

Blue is The Warmest Colour



"I am with somebody else now. You know that. But I have infinite tenderness for you."

Blue is The Warmest Colour-2013 (French)
Directed by Abdellatif Kechiche

    Julie Maroh യുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി Abdellitif Kechiche സംവിധാനം ചെയ്ത മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫ്രഞ്ച് സിനിമ. 2013ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍പ്പിക്കപ്പെട്ട ഈ സിനിമ സംവിധായകനു പുറമേ പ്രധാന റോളുകള്‍ കൈകാര്യം ചെയ്ത രണ്ടു നടിമാര്‍ക്കും  Palme d’Or അവാര്‍ഡ് നേടിക്കൊടുത്ത ആദ്യ സിനിമയാണ്. സ്വവര്‍ഗപ്രണയികളായ രണ്ടു സ്ത്രീകളുടെ ഗാഢമായ പരസ്പര പ്രണയവും മാനസിക സംഘര്‍ഷങ്ങളും വളരെ മനോഹരമായി അതേസമയം സ്വാഭാവികമായി ചിത്രീകരിച്ചിരിക്കുന്ന ഒരു ചിത്രം.

    ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ ആഡേല്‍ കൂട്ടുകാരികളുടെ പ്രേരണയാല്‍ തോമസിന്‍റെ ഒപ്പം ഡേറ്റ് ചെയ്യുന്നു. എന്നാല്‍ അപൂര്‍ണ്ണത അനുഭവപ്പെടുന്ന ഈ ബന്ധം വളരെപ്പെട്ടെന്നു തന്നെ അവള്‍ അവസാനിപ്പിക്കുന്നു. ഇതിനിടയില്‍ അവള്‍ നീലമുടിയുള്ള എമ്മയെ കണ്ടുമുട്ടുന്നു. ഈ സൗഹൃദം വൈകാരികവും ശാരീരികവും ആയി വളരെയധികം തീക്ഷ്ണമായ ഒരു തലത്തിലേക്ക് പ്രവേശിക്കുന്നു. ഒരുമിച്ചു ജീവിതമാരംഭിക്കുന്ന ഇവരുടെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും അവയുണ്ടാക്കുന്ന സന്തോഷങ്ങളും സംഘര്‍ഷങ്ങളും ഒക്കെ നിറഞ്ഞതാണ്‌ ഈ സിനിമ.

    മലയാളികളുടെ കപടസദാചാരബോധം അനുകൂലിക്കുന്ന ഒരു ചിത്രമല്ല ഇത്. ഇതിലെ ദൈര്‍ഘ്യമേറിയ രതിരംഗങ്ങള്‍, ഇതിവൃത്തം ഒക്കെ നമ്മുടെ സാംസ്കാരിക സങ്കല്പ്പങ്ങള്‍ക്ക്  നിരക്കുന്നതല്ല തന്നെ. പ്രണയം പങ്കാളികളില്‍ ഉളവാക്കുന്ന വൈകാരിക ഊക്ഷ്മളതുടെ തീവ്രത ഈ ചിത്രത്തില്‍ നമുക്ക് ശരിക്കും അനുഭവിച്ചറിയാന്‍ കഴിയും. ലാളിത്യമാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ആശയസമ്പുഷ്ടമായ ഒരു ലോ ബജറ്റ് ചിത്രം. പ്രധാന കഥാപാത്രങ്ങളായ ആഡേല്‍, എമ്മ എന്നിവരുടെ റോള്‍ കൈകാര്യം ചെയ്ത Adele Exarchpoulos, Lea Seydoux എന്നീ നടിമാരുടെ അഭിനയവും മികവുറ്റതാണ്.


    സ്വവര്‍ഗപ്രണയം, രതി എന്നീ വാക്കുകള്‍ കേള്‍ക്കാനും അവയുടെ അര്‍ത്ഥമറിയാനും തുടങ്ങിയ കാലത്ത് നികൃഷ്ടമായ എന്തോ ഒന്ന് എന്ന നിലയിലാണ് ഞാനും ഇവയെ സമീപിച്ചിരുന്നത്. പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കി എന്ട്രന്‍സ് പരിശീലനത്തിനു ഹോസ്റ്റലില്‍ താമസിക്കുന്ന കാലത്താണ് ഇത്തരത്തിലുള്ള രണ്ടു പെണ്‍കുട്ടികളെ ആദ്യമായി കാണുന്നത്. അന്ന് പ്രായത്തിന്റെയും അറിവിന്റേയും പക്വതക്കുറവു കൊണ്ടാകാം അവരെ സൗഹൃദവലയത്തില്‍ നിന്നും ഒരു വിളിപ്പാടകലെ സൂക്ഷിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ഭര്‍ത്തൃമതിയായ ഒരു കൂട്ടുകാരി അവളുടെ ഒരു പെണ്‍സൌഹൃദത്തെ കുറിച്ച് എന്നോടു വാചാലയായപ്പോള്‍ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു എന്‍റെ  ഭര്‍ത്താവിനെ ഞാന്‍ ജീവനുതുല്യം സ്നേഹിക്കുന്നു. അദ്ദേഹത്തിന്‍റെ  കുഞ്ഞുങ്ങള്‍ക്ക്  നല്ല അമ്മയാകുന്നു. വീട് നോക്കുന്നു. നല്ല ഭക്ഷണമുണ്ടാക്കുന്നു. എന്നും നല്ല ഒരു ഭാര്യയായി ഞാന്‍ തുടരുകയും ചെയ്യും. പക്ഷേ ഈ ബന്ധം എനിക്ക് നല്കുന്ന സന്തോഷം അദ്ദേഹത്തിന് നല്കാനാവില്ല. ശാരീരികത്തെക്കാള്‍ മാനസികമായ സംതൃപ്തിയാണ്, ആനന്ദമാണ് എനിക്കീ ബന്ധം.അന്നും എനിക്കതങ്ങോട്ടു പൂര്‍ണ്ണമായി ദഹിച്ചില്ല. പക്ഷേ ഇപ്പോള്‍ എന്‍റെ ധാരണകള്‍ തിരുത്തപ്പെട്ടിരിക്കുന്നു, ‘സ്വവര്‍ഗപ്രണയം ഒരു സ്വഭാവവൈകൃതമല്ല മറിച്ച് അതൊരു ജനിതകപ്രത്യേകതയാണ്.

-ശ്രീ.

2 അഭിപ്രായങ്ങൾ:

  1. സിനിമാ നിരൂപണത്തിനും അപ്പുറം സ്വവര്‍ഗപ്രണയം എന്ന വിഷയം പ്രതിബാധിചിരിക്കുന്നു.

    സ്വവര്‍ഗപ്രണയം ഒരു സ്വഭാവവൈകൃതമല്ല മറിച്ച് അതൊരു ജനിതകപ്രത്യേകതയാണ്.പക്ഷെ ഞാന്‍ എപ്പോഴും ഇവരുടെ വീട്ടുകാരുടെ അവസ്ഥയും കൂടി ചിന്തിക്കാറുണ്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാ വശങ്ങളും ചിന്തനീയം തന്നെ സാജന്‍. ഇവരെ ഒരു നികൃഷ്ടജീവിയായി കാണരുത് എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു.

      ഇല്ലാതാക്കൂ